ഇത് നിർമ്മാണത്തിലുള്ള വെബ്സൈറ്റ് ആണ്. ഇതിലെ ഉള്ളടക്കം അപൂർണമാണ്.
ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

 

സ്വാതന്ത്ര്യ സമര ചരിത്രം

ബ്രിട്ടീഷ് സാമ്രാജ്യ വാഴ്ചയുടെയും ദിവാന്‍ ഭരണത്തിന്റെയും ഭീകരത അനുഭവിച്ചറിഞ്ഞവരാണ് ഈ നാട്ടിലെ അടിസ്ഥാനവര്‍ഗം. സ്വാതന്ത്ര്യത്തിനും ഉത്തരവാദ ഭരണത്തിനും വേണ്ടി നടന്ന പോരാട്ടം ഈ നാട്ടിലെ തൊഴിലാളികളെയും ആവേശം കൊള്ളിച്ചിരുന്നു. ദിവാന്‍ സി.പി. രാമസ്വാമി അയ്യരുടെ കിരാതവാഴ്ചയ്ക്കെതിരെ സ്റ്റേറ്റ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എസ്.മാധവന്‍പിളള, വി.വാസുപിളളആര്‍.അച്യുതന്‍ എന്നിവരുടെ നേതൃത്വത്തില്‍പ്രതിഷേധയോഗങ്ങളും പ്രകടനങ്ങളും സംഘടിപ്പിച്ചിരുന്നു. ദിവാന്‍ സി.പി.ക്ക്അനുകൂലമായും ചിലര്‍ യോഗങ്ങള്‍ സംഘടിപ്പിച്ചു. സി.പി.ക്ക് അനുകൂലമായികലയ്ക്കോടു വച്ച് സംഘടിപ്പിച്ച യോഗത്തിലേക്ക് ഇരച്ചു കയറിയസ്വാതന്ത്ര്യസമരക്കാരെ സി.പി. അനുകൂലികള്‍ തല്ലിച്ചതച്ചു. ഇതിനെതിരെകലയ്ക്കോട് സംഘടിപ്പിച്ച പ്രതിഷേധ യോഗത്തിനു നേരെ സിപിയുടെ അഞ്ചുരൂപ പോലീസ്നടത്തിയ ആക്രമണത്തിന്റെ ഫലമായി പലര്‍ക്കും പരിക്കുപറ്റി. സ്റ്റേറ്റ്കോണ്‍ഗ്രസ് പ്രവര്‍ത്തകരില്‍ പലര്‍ക്കും ജയിലില്‍ പോകേണ്ടി വന്നു.ഉത്തരവാദഭരണത്തിനുവേണ്ടി ഈ പ്രദേശത്തെ സ്റ്റേറ്റ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ സമരങ്ങള്‍ ആവേശകരമായിരുന്നു.

വിദ്യാഭ്യാസ ചരിത്രം

19-ാം നൂറ്റാണ്ടിന്റെ അവസാനത്തോടെ 1875 ല്‍ ആണ് ഈ പ്രദേശത്ത് ആദ്യമായി ഒരു വിദ്യാഭ്യാസ സ്ഥാപനം ആരംഭിക്കുന്നത്. പനയറ ശങ്കുപിള്ള എന്ന കൊട്ടാരംകാര്യസ്ഥന്റെ ശ്രമഫലമായി അയ്യരാലിന്‍മൂടില്‍ സ്ഥാപിതമായ സര്‍ക്കാര്‍ പള്ളിക്കൂടമാണ് ഇവിടത്തെ ആദ്യത്തെ വിദ്യാലയം. മലയാളം മീഡിയം സ്കൂള്‍ ആയി പ്രവര്‍ത്തിച്ചിരുന്ന ഈ വിദ്യാലയം, 1951 ല്‍ ഹൈസ്ക്കൂളായി ഉയര്‍ത്തപ്പെട്ടു. ഇതിനോടനുബന്ധിച്ച് പ്രവര്‍ത്തിച്ചിരുന്ന എല്‍.പി. സ്കൂളുകള്‍ കുട്ടികളുടെ വര്‍ദ്ധനവും സ്ഥലപരിമിതിയും മൂലം ഹൈസ്കൂളിന്റെ തെക്കും വടക്കും ഭാഗങ്ങളില്‍ രണ്ടു പ്രത്യേക സ്ഥാപനങ്ങളായി പ്രവര്‍ത്തനം തുടങ്ങി. 1940 മുതല്‍ചെമ്പകശ്ശേരിയില്‍ ഒരു നിശാ പാഠശാല പ്രവര്‍ത്തിച്ചിരുന്നു. കുറെക്കാലങ്ങള്‍ക്ക് ശേഷം  ഇതൊരു ഹരിജന്‍ വെല്‍ഫയര്‍ സ്കൂളായി പരിവര്‍ത്തനം ചെയ്തു. ഈ സ്കൂള്‍ കൊട്ടാരക്കര പ്രദേശത്തേക്ക് മാറ്റപ്പെട്ടതിനെ തുടര്‍ന്ന് ആര്‍. അച്ചുതന്റെ മാനേജ്മെന്റിന്‍ കീഴില്‍ ഒരു എല്‍. പി. സ്കൂള്‍ അനുവദിക്കപ്പെട്ടു. 1951 ലാണ് ഇത് സ്ഥാപിച്ചത്. ഇതിനോടനുബന്ധിച്ച് 1959-60 ല്‍ ഒരു യു.പി സ്കൂളും ആരംഭിച്ചു. 1966 ല്‍ ഒരു ഹൈസ്ക്കൂള്‍ കൂടി പ്രവര്‍ത്തനം ആരംഭിച്ചു. പുത്തന്‍കുളത്ത് ഡോ. ദേവരാജന്റെ മാനേജ്മെന്റിന്‍ കീഴില്‍ പ്രവര്‍ത്തനം ആരംഭിച്ച ദേവരാജ വിലാസം എല്‍.പി. സ്ക്കൂള്‍, 1964 ല്‍ സ്ഥാപിതമായി. കലയ്ക്കോട് ഏകദേശം 75 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു പ്രൈമറി സ്കൂള്‍ സ്ഥാപിച്ചത് പില്‍ക്കാലത്ത് സര്‍ക്കാര്‍ ഏറ്റെടുക്കുകയും മറുനാടന്‍ മലയാളികളുടെ സഹായത്തോടുകൂടി യു.പി.സ്കൂളായി ഉയര്‍ത്തുകയും ചെയ്തു.

സാംസ്ക്കാരിക ചരിത്രം

 സമ്പന്നമായൊരു സാംസ്ക്കാരിക പൈതൃകമാണ് പൂതക്കുളത്തിനുളളത്. നിരവധി സാംസ്ക്കാരിക നായകന്‍മാര്‍ക്ക് ഈ പ്രദേശം ജന്മം നല്‍കിയിട്ടുണ്ട്. ഗ്രന്ഥശാലകളും കലാ സമിതികളും ഉള്‍പ്പെടെ ധാരാളം സാംസ്ക്കാരിക സ്ഥാപനങ്ങള്‍ ഇവിടെയുണ്ട്. 1949 ല്‍ ഊന്നിന്‍മൂട് കേന്ദ്രമാക്കി വിവേകോദയം ആര്‍ട്സ് ക്ളബ് പ്രവര്‍ത്തിച്ചിരുന്നു. ഈ സമിതിയുടെ നേതൃത്വത്തില്‍ ഒരു വായനശാലയും കേരളോദയം എന്ന ഒരു കൈയ്യെഴുത്തുമാസികയും പ്രസിദ്ധീകരിച്ചിരുന്നു. ഇക്കാലയളവില്‍ എസ്.ബി.എന്‍.വി ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ളബ്കേരളോദയം കലാകേന്ദ്രം തുടങ്ങിയ കലാ സമിതികളും പൂതക്കുളത്തെ സാംസ്ക്കാരിക പ്രവര്‍ത്തനങ്ങള്‍ക്ക് ഗണ്യമായ സംഭാവന നല്‍കിയിട്ടുള്ളവയാണ്. ശങ്കരപിളള സ്മാരക ഗ്രന്ഥശാലഗാന്ധിസ്മാരക വായനശാലഐക്യകേരള ഗ്രന്ഥശാല എന്നിവ ആദ്യകാലംമുതല്‍ക്കേസ്തുത്യര്‍ഹമായ രീതിയില്‍ പ്രവര്‍ത്തിച്ച് വരുന്ന സാംസ്ക്കാരിക സ്ഥാപനങ്ങളാണ്. പൂതക്കുളം സര്‍വ്വീസ് സഹകരണ ബാങ്ക് കേന്ദ്രമാക്കി ഒരു ഫൈന്‍ ആര്‍ട്സ് സൊസൈറ്റി നല്ല രീതിയില്‍ പ്രവര്‍ത്തിച്ചുവരുന്നു. ഇവിടെ ജീവിച്ചിരുന്ന പ്രശസ്തരായ കഥകളി നടന്‍മാരായിരുന്നു കൊക്കാടന്‍ നാരായണപിള്ളതെറ്റിക്കുളം പരമുപിള്ള തുടങ്ങിയവര്‍. നൃത്തകലയില്‍ പ്രശസ്തനായിരുന്ന ഗുരു ഗോപിനാഥ് കൊക്കാടന്‍ നാരായണപിള്ളയുടെ ശിഷ്യനായിരുന്നു. ആദ്യകാലത്ത് പ്രശസ്തരും ഇന്ന് ജീവിച്ചിരിക്കുന്നവരുമായ കഥകളി നടന്‍മാരാണ് നീലമനഇല്ലം കൃഷ്ണന്‍ നമ്പൂതിരി, ശങ്കരന്‍ നമ്പൂതിരിചെമ്പകശ്ശേരി പുത്തന്‍വീട്ടില്‍ ഗോപാലപിളള തുടങ്ങിയവര്‍.

ആരാധനാലയങ്ങള്‍

പൂതക്കുളം പഞ്ചായത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന ശ്രീധര്‍മശാസ്താ ക്ഷേത്രത്തിന് 50 കൊല്ലത്തിലേറെപഴക്കമുണ്ട്. ഒരു കാലത്ത് ഘോരവനമായിരുന്ന ഈ പ്രദേശത്ത് കാടുവെട്ടിത്തെളിച്ച അവസരത്തില്‍ വാള്‍ കല്ലില്‍ കൊണ്ട് രക്തനിറം കാണപ്പെടുകയുംപ്രശ്നവിധി പ്രകാരം ക്ഷേത്രം പണിതെന്നുമാണ് ഐതിഹ്യം. ശ്രീമാര്‍ത്താണ്ഡവര്‍മ മഹാരാജിവന്റെ കാലത്ത് ഇവിടത്തെ അഞ്ചു കുടുംബങ്ങളില്‍നിന്നുള്ള വ്യക്തികള്‍ അദ്ദേഹത്തെ മുഖം കാണിക്കുകയും ക്ഷേത്രവുമായിബന്ധപ്പെട്ട ഐതിഹ്യകഥ അദ്ദേഹത്തെ ധരിപ്പിക്കുകയും ചെയ്തു. അതിന്‍പ്രകാരംമഹാരാജാവ് എട്ടര യോഗത്തിലുള്‍പ്പെട്ട കൊല്ലൂര്‍ അത്തിയറ മഠം പോറ്റിമാര്‍ക്ക് ക്ഷേത്രം നിര്‍മിക്കാന്‍ അവകാശം നല്‍കി. ഐതിഹ്യപ്രകാരം രക്തക്കറകണ്ട ശിലയില്‍ നിന്നും സ്വയംഭൂവായി പ്രതിഷ്ഠിക്കപ്പെട്ടിട്ടുളളതാണ്ഇവിടത്തെ പ്രതിഷ്ഠ എന്നു പറയപ്പെടുന്നു. മറ്റു ക്ഷേത്രങ്ങളില്‍ നിന്നുവ്യത്യസ്തമായി എപ്പോഴും കാറ്റും മഴയും വെയിലും കൊള്ളത്തക്കവിധത്തിലാണ് ഈക്ഷേത്രത്തിന്റെ ശ്രീകോവില്‍ പണിതിരിക്കുന്നത്. മറ്റൊരു പ്രധാന ക്ഷേത്രമായ  ഈഴംവിള ദേവിക്ഷേത്രത്തിനു 300 വര്‍ഷത്തെ പഴക്കമുണ്ട്. സാധാരണ ദേവീക്ഷേത്രങ്ങളില്‍ നിന്നു വ്യത്യസ്തമായി വടക്കോട്ടു ദര്‍ശനമുളള ദേവീപ്രതിഷ്ഠയാണ് ഇവിടത്തെ പ്രത്യേകത. വളരെ പുരാതനമായ മറ്റൊരു അമ്പലമാണ് കലയ്ക്കോട് അമ്മവാസത്ത് ദേവീക്ഷേത്രം. ഈ ക്ഷേത്രം സ്ഥാപിച്ചത് അകവൂര്‍ മനയ്ക്കല്‍ മഠക്കാരായിരുന്നു. ഭൂപടഅന്നംകെട്ട്തോറ്റംപാട്ട്കഥകളി തുടങ്ങിയ കലാരൂപങ്ങള്‍ ഇവിടത്തെ ഉത്സവത്തിന്റെ പ്രത്യേകതയാണ്. ഇവ കൂടാതെ നിരവധി ക്ഷേത്രങ്ങളും സര്‍പ്പക്കാവുകളും ഇവിടെ നിലവിലുണ്ട്. നെല്ലേറ്റിലും കലയ്ക്കോടും ഓരോ ജുമാ-അത്ത് പള്ളികളുണ്ട്. കലയ്ക്കോട് സ്ഥിതിചെയ്യുന്ന ലിറ്റില്‍ ഫ്ളവര്‍ ചര്‍ച്ച് വിശുദ്ധ കൊച്ചുത്രേസ്യയുടെ തിരുനാമത്തില്‍ സ്ഥാപിച്ചിട്ടുള്ളതാണ്. ഇതിന് 62 കൊല്ലത്തെ പഴക്കമുണ്ട്.

ആതുരസേവനരംഗം

ഈ നാട്ടിലെ എല്ലാ ജനങ്ങളുടെയും ആദരവും ബഹുമാനവും ലഭിച്ചിരുന്ന പുളിമൂട്ടില്‍ ശങ്കരപ്പിള്ള അതിനിപുണനായ ഒരു വിഷവൈദ്യനും സംസ്കൃതപണ്ഡിതനുമായിരുന്നു. സര്‍പ്പവിഷത്തിനു പച്ചമരുന്നുകൊണ്ട് ചികിത്സ നല്‍കുന്നതില്‍ പ്രഗത്ഭനായിരുന്ന ഒരു വിഷവൈദ്യനായിരുന്നു ഇദ്ദേഹം. വിഷചികിത്സയ്ക്കു പുറമേ മറ്റനേകം മേഖലകളില്‍ അദ്ദേഹം പ്രശസ്തി നേടിയിരുന്നു. ഒരു ഭജനഗാനരചയിതാവു കൂടിയായിരുന്ന അദ്ദേഹം തിരുവാതിരക്കളികമ്പടികളി എന്നിവയ്ക്ക് ഗാനങ്ങള്‍ രചിക്കുകയും ആകലാരൂപങ്ങളെ വേണ്ടവിധം പ്രോത്സാഹിപ്പിക്കുകയും ചെയ്തിരുന്നു. ആധുനിക വൈദ്യചികിത്സയ്ക്ക് പരവൂര്‍, പൂതക്കുളം പ്രദേശങ്ങളില്‍ തുടക്കംകുറിച്ചത് ഡോ. പി.കൃഷ്ണന്‍നായരായിരുന്നു. ഹരിജനങ്ങള്‍ക്കും താണ വരുമാനക്കാര്‍ക്കും ഒരാശ്രയകേന്ദ്രമായിരുന്നു അദ്ദേഹത്തിന്റെ ആതുരാലയം. ഏകദേശം 40 വര്‍ഷങ്ങള്‍ക്കു മുമ്പാണ് ഈ പഞ്ചായത്തില്‍ ഒരു പ്രാഥമിക ആരോഗ്യകേന്ദ്രം സ്ഥാപിച്ചത്. ഇത്തിക്കര ബ്ളോക്കില്‍ ആദ്യമായി അനുവദിക്കപ്പെട്ട ഈ പി.എച്ച്. സി.യുടെ കീഴില്‍ 5 മിനി പി.എച്ച്.സി.കളും ജനസംഖ്യാനുപാതികമായി പ്രവര്‍ത്തിക്കുന്ന കുടുംബക്ഷേമകേന്ദ്രങ്ങളുമുണ്ട്. പട്ടികജാതി പട്ടികവര്‍ഗക്കാര്‍ക്കും താഴ്ന്ന വരുമാനക്കാര്‍ക്കും ഒരു ആശ്രയകേന്ദ്രമാണ് ഈ ആതുരാലയം. ആതുരശുശ്രൂഷാരംഗത്ത് സ്വകാര്യാശുപത്രികള്‍ക്കു പുറമേ രണ്ടു പാരമ്പര്യ വൈദ്യശാലകളും ഇവിടുണ്ട്.

വ്യവസായമേഖല

 ചെറുകിട വ്യവസായം എന്ന നിലയില്‍ കയറുംപരമ്പരാഗത വ്യവസായം എന്ന നിലയില്‍ കൈത്തറിയുമാണ് ഇവിടത്തെ പ്രധാനവ്യവസായങ്ങള്‍. കയര്‍ വ്യവസായ മേഖലയില്‍ പ്രവര്‍ത്തനമാരംഭിച്ച ആദ്യത്തെസഹകരണ സംഘമാണ് കലയ്ക്കോട് ക്യു 23-ാം നമ്പര്‍ കയര്‍ വ്യവസായ സഹകരണ സംഘം. ഇതുകൂടാതെ ഇടയാടിയിലും നെല്ലേറ്റിലും ഓരോ സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നു.

സഹകരണരംഗം

സഹകരണപ്രസ്ഥാനത്തിന്റെ ചരിത്രത്തില്‍ നിര്‍ണായകമായ സ്ഥാനമാണ് പൂതക്കുളം പഞ്ചായത്തിനുള്ളത്. ഇവിടെ പ്രധനമായും രണ്ടു വായ്പാസഹകരണസംഘങ്ങളാണ് പ്രവര്‍ത്തിക്കുന്നത്. കൊല്ലവര്‍ഷം 1101-ാമാണ്ട് കുംഭമാസം 13-ാം തിയതി രജിസ്റ്റര്‍ ചെയ്ത കലയ്ക്കോട് ദേവീവിലാസം പരസ്പര നായര്‍ സഹായസഹകരണ സംഘം 1957 ല്‍ വിവിധോദ്ദേശ്യസഹകരണസംഘമായും തുടര്‍ന്ന് റീജിയണല്‍ സഹകരണബാങ്കായും മാറുകയുണ്ടായി.പില്‍ക്കാലത്ത് കലയ്ക്കോട് സര്‍വീസ് സഹകരണബാങ്ക് എന്ന പേരിലറിയപ്പെടാന്‍തുടങ്ങിയ ഈ സ്ഥാപനത്തിന് 1967-68 ല്‍ ജില്ലാതലത്തില്‍ നല്ല ബാങ്കിനുള്ളട്രോഫിയും 68-69 ല്‍ ജില്ലാതലത്തില്‍ ട്രോഫിയും ലഭിച്ചു. 1948 ല്‍ പാണാട്ട്ചിറ കുഴിക്കുന്നതിനു വേണ്ടി രൂപീകരിക്കപ്പെട്ട കര്‍ഷകസംഘമാണ് പൂതക്കുളംകര്‍ഷക സഹകരണസംഘമായിത്തീര്‍ന്നത്. ഈ സംഘം പിന്നീട് 1951 ല്‍ പൂതക്കുളംസര്‍വീസ് സഹകരണസംഘമായി രജിസ്റ്റര്‍ ചെയ്യപ്പെട്ടു.